പി. പി. ആഷിഖ്
(ഗവേഷകന്‍, സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്ചുറല്‍ ഹിസ്റ്ററി, കോയമ്പത്തൂര്‍)
വി. ജിതിന്‍
(ഗവേഷകന്‍, നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൌണ്ടേഷന്‍, മൈസൂര്‍)
2023 മാര്‍ച്ച് ലക്കം കേരള വനം വകുപ്പിന്റെ 'അരണ്യം' മാസികയില്‍ (അന്താരാഷ്ട്ര വനദിനപതിപ്പ്) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണരൂപം:
നമ്മളിൽ കാട് തുടങ്ങുമ്പോള്‍
ചെറുപ്രായത്തിൽ പണ്ട് ഇഞ്ചക്ഷൻ വെക്കാൻ ആശുപത്രിയിൽ കൊണ്ട് പോയാൽ സൂചി വെക്കുന്നതോർത്ത് പേടിച്ച് കരയുമ്പോൾ നഴ്‌സ് പറയും കണ്ണടച്ച് പച്ചിലയെ ഓർത്തോളൂ എന്ന്. ബസിൽ യാത്ര ചെയ്യുന്ന സമയത്ത് ഛർദിൽ വരുമ്പോൾ (motion sickness) കണ്ണടച്ച്, ഒരു കാട്ടിലൂടെ കുളിരുള്ള കാറ്റും കൊണ്ട് നടക്കുന്നത് ഭാവനയില്‍ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതെല്ലം തന്നെ അസൗകര്യം ഉണ്ടാകുന്ന അവസ്ഥകളിൽ നിന്ന് നമുക്ക് വല്ലാത്തൊരു ആശ്വാസം നൽകുന്നതായിരുന്നു. ഇപ്പോഴും കാടിനുള്ളിലൂടെ ഒന്ന് നടന്ന് നീങ്ങുക എന്നത് ആലോചിക്കുമ്പോൾ തന്നെ നമ്മളില്‍ ഭൂരിഭാഗം പേർക്കും ഉന്മേഷമുണ്ടാക്കുന്ന ഒരു കാര്യമാണ്. പ്രകൃതി നടത്തവും കാട് കേറലും പ്ലാൻ ചെയുന്ന ദിവസങ്ങളായി നമ്മുടെ ഒഴിവുദിവസങ്ങള്‍ മാറികൊണ്ടിരിക്കുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. വിവിധ രൂപങ്ങളായ പ്രകൃതിയിൽ നിന്ന് നമ്മൾക്ക് ലഭിക്കുന്ന അനവധി പ്രയോജനങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.
കാടിനെ നാം പലപ്പോഴും ഒരു വിഭവകേന്ദ്രം (resource centre) ആയി കാണാറുണ്ട്. നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള മരത്തടിയില്‍ തുടങ്ങി, തേനും, ശുദ്ധമായ വായുവും വെള്ളവും ഒക്കെ ഇപ്പോള്‍ നിങ്ങളുടെ മനസ്സിലേക്ക് വന്നിട്ടുണ്ടാകാം. കുറച്ചുകൂടി ആഴത്തില്‍ ഇക്കാര്യത്തെ അന്വേഷിക്കാന്‍ തുടങ്ങിയാല്‍ കാടിനെ ഒരു ജനിതകകലവറ (gene pool)യായും ഇനിയും നമ്മള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഔഷധങ്ങളുടെയും മറ്റും സംരക്ഷണകേന്ദ്രമായും കണക്കാക്കുന്നത് കാണാം. എന്നാലിത് സംരക്ഷിതവനപ്രദേശങ്ങള്‍ മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. മുഴുവനായും നമുക്ക് പിടിതരാത്ത കാട്, അതിന്റെ ഉള്ളറകളില്‍ എന്തൊക്കെയാണ് ഒളിപ്പിച്ച് വെച്ചിട്ടുള്ളതെന്ന് കണ്ടെത്തുന്നത് ശ്രമകരമായ ഒരു പ്രക്രിയ തന്നെയാണ്. ഈ അന്വേഷണത്തില്‍, നമ്മുടെ പൂര്‍വ്വികര്‍ അറിഞ്ഞതും എഴുതിവെച്ചതും വാമൊഴികളില്‍ പകര്‍ത്തിവെച്ചതുമായ അറിവുകളും നമ്മുടേതായ പുതിയ പര്യവേക്ഷണങ്ങളും ശാസ്ത്രീയമായ പുനഃപരിശോധനകളും എല്ലാം നമ്മെ സഹായിച്ചേക്കാം. എന്നാല്‍ അതിനുമുന്നേ, എന്താണ് കാട് എന്ന വാക്ക് കൊണ്ട് നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കുന്നത് എന്ന് ഓര്‍ക്കേണ്ടതില്ലേ?
കാടെന്നു പറയുമ്പോള്‍
പലര്‍ക്കും പലതാവും കാട് എന്ന വാക്ക് നല്‍കുന്ന ചിത്രം. കാട്, വനം, അല്ലെങ്കിൽ പ്രകൃതി എന്നതൊക്കെ കൊണ്ട് എന്താണ് നമ്മള്‍ ഉദ്ദേശിക്കുന്നത്? ഒരു കൂട്ടം മരങ്ങൾ തിങ്ങി നിൽക്കുന്ന ഒരു താഴ്‌വാരം മാത്രമാണോ അത്? അതോ ഒരു പുഴവക്കത്ത് പലതരം മരങ്ങളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നാണോ? കാട് എന്നത് ഒരു ആവാസവ്യവസ്ഥയാണ്. അനേകം ജീവജാലങ്ങളുടെ, വൈവിധ്യങ്ങളുടെ, ജീവിതങ്ങളുടെ മാധ്യമം എന്നതിനപ്പുറം, സാമൂഹികവും രാഷ്ട്രീയവുമായ പ്രാതിനിധ്യവും വർത്തമാന കാലത്ത് ഈ കാടുകൾക്കുണ്ട്. നാമെല്ലാവരുടെയും നിലനിൽപ്പ് ഈ വനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. കാടിനെ മാത്രം ആശ്രയിച്ച് വേട്ടയാടിയും ശേഖരിച്ചും ജീവിച്ച് പോന്നിരുന്ന (hunter-gatherer) മനുഷ്യരിൽ നിന്നും വളരെ ചുരുങ്ങിയ കാലം കൊണ്ട് നമ്മള്‍ എവിടെയെത്തിയെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മതി. സാമൂഹിക ചുറ്റുപാടുകളിൽ പലവിധ മാറ്റങ്ങൾ വരുത്തി, നൂതനമായ ഒരു നഗരസങ്കല്‍പ്പത്തില്‍ എത്തിനിൽക്കുന്ന മനുഷ്യന്, പ്രഥമദൃഷ്ട്യാ വനം ദൂരത്ത് തന്നെയാണ്. എന്നിരുന്നാലും, ജീവിതത്തിന്റെയും നിലനില്പിന്റെയും ഓരോ നിമിഷത്തിലും കാടും അതിനോട് അനുബന്ധിച്ചുള്ള പ്രതിഭാസ-വിഭവങ്ങളും അനിവാര്യമായവ തന്നെയാണ്.
കാടിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ഒക്കെ കാലാന്തരത്തില്‍ ഒരുപാട് മാറിമറിഞ്ഞിട്ടുണ്ട്. മുന്നെ സൂചിപ്പിച്ചത് പോലെ, കാടിനോട് ചേര്‍ന്ന് ജീവിച്ചിരുന്ന, അല്ലെങ്കില്‍ കാടിനെ വേറൊന്നായി കാണാന്‍ കഴിയാതിരുന്ന ഒരു കാലത്തില്‍ നിന്നും കാടിനെ പ്രത്യേകം നിര്‍വ്വചിക്കേണ്ടിയും മനസ്സിലാക്കേണ്ടിയും വരുന്ന സാഹചര്യത്തിലേയ്ക്ക് നമ്മള്‍ മാറിയിട്ടുണ്ട്. മാനവചരിത്രത്തിലെ പല ഏടുകളും മറിച്ച് നോക്കിയാല്‍ കാടും മനുഷ്യരും ഇഴചേര്‍ന്ന് ജീവിച്ചിരുന്ന കാലഘട്ടങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാൽ ചില ഗോത്രവർഗ്ഗങ്ങളല്ലാതെ, ബാക്കിയുള്ളവരൊക്കെ തന്നെയും മനുഷ്യസമൂഹത്തെയും കാടിനേയും വെവ്വേറെയായിട്ടാണ് കാണുന്നത്. ഈയൊരു സാഹചര്യത്തിൽ ജീവനെ നിലനിർത്തുന്ന ഒരു അവിഭാജ്യ ഘടകമായി കാടിനെ മനസിലാക്കേണ്ടത് അതിപ്രധാനമാണ്; നമ്മുടെ ജീവനെയും സമൃദ്ധിയേയും നിലനിർത്തുന്ന ഒരു സഞ്ജീവനിയായി.
കാടും മനുഷ്യരും എല്ലാ സമയത്തും സംവദിച്ച് കൊണ്ടിരിക്കുകയാണ്. കാടിനടുത്ത് ജീവിക്കുന്നവർ മാത്രമല്ല ഇതിൽ പങ്കാളികളാവുന്നത്, കാട്ടിൽ നിന്ന് ദൂരെയുള്ള നഗരപ്രദേശവാസികളും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തിൽ അതിന്റെ ഭാഗമാണ്. ഇങ്ങനെ കാടിന്റെ ഒരു ഭാഗം തന്നെയാണ് നമ്മള്‍ എന്ന് തിരിച്ചറിയുമ്പോഴാണ് നമ്മുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളും കാടുമായി എത്രത്തോളം ഇഴചേര്‍ന്നിരിക്കുന്നതെന്ന് ബോധ്യപ്പെടുകയുള്ളൂ. ജനനം മുതല്‍ മരണം വരെയും, കുടുംബം മുതല്‍ സമൂഹം വരെയും, ഇവയ്ക്കിടയിലും പന്തലിച്ച് കിടക്കുന്ന അനേക ജീവിതതലങ്ങളില്‍ അത്യാവശ്യമെന്ന് നമ്മള്‍ കരുതുന്നതെന്തൊക്കെയാണ്? ആരോഗ്യം, സാമൂഹികാഭിവൃദ്ധി, വ്യക്തിത്വം.. ഇങ്ങനെയൊക്കെ നമ്മുടെ ചിന്തകള്‍ പോയേക്കാം. അക്കൂട്ടത്തില്‍, ആരോഗ്യത്തിന് നമ്മില്‍ പലരും പ്രധാന പരിഗണന കൊടുക്കുന്നത് എന്തുകൊണ്ടാണ്? ഒരു പ്രധാന കാരണം, ആരോഗ്യം എന്നത് മാനസികമായ, വളർച്ചാ സംബന്ധമായ, ശാരീരിക-സാമൂഹിക ഘടകങ്ങളുടെ ആകെ തുകയാണ് എന്നതാണ്. ഇത്തരത്തില്‍ നമ്മെ വളരെയധികം സ്വാധീനിക്കുന്ന ആരോഗ്യം, കാടുമായി ഏറെ കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് എന്ന് പലപ്പോഴും നമ്മള്‍ പക്ഷെ പരിഗണിക്കാറില്ല. കാട് എന്നത് ഒരു കൂട്ടം മരങ്ങൾ എന്നതിനേക്കാൾ അപ്പുറത്താണ് എന്ന് നമ്മൾ മനസിലാക്കുന്നത് പോലെത്തന്നെയാണ്, ആരോഗ്യം എന്നത് അടിസ്ഥാന അവയവ പ്രവർത്തനം മാത്രമല്ല എന്ന് അറിയുന്നതും. ഇവ രണ്ടും തമ്മിലുള്ള പാരസ്പര്യത്തിന്റെ നിർവചനം ഇപ്പോഴും ശാസ്ത്ര-സാമൂഹ്യ ചിന്താധാരകളില്‍ പരിണമിച്ച് വരുന്നതേയുള്ളു. ‘ആരോഗ്യമുള്ള കാടുകള്‍ ആരോഗ്യമുള്ള മനുഷ്യര്‍ക്ക്’ എന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞുവെക്കുമ്പോള്‍ ഇവ രണ്ടും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നുണ്ട് താനും.
കാടിനെ ആരോഗ്യവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍
കാടിനെയും നമ്മുടെ ആരോഗ്യത്തെയും ചേര്‍ത്ത് വായിക്കാന്‍ നമ്മളെ തല്പരരാക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണ്. ഒന്നാമതായി, നമ്മുടെ ആവാസവ്യവസ്ഥയുടെ ആണിക്കല്ലുകളായ വനങ്ങൾ വലിയ തോതിൽ നശിപ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തണമെങ്കിൽ മനുഷ്യന്റെ നിലനിൽപിന് വനങ്ങൾ എത്രത്തോളം അത്യന്താപേക്ഷികമാണെന്നത് വ്യവസ്ഥാപിതമായി തെളിയിച്ചേ മതിയാവൂ. ആരോഗ്യം എന്നത് സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ഒന്നായത് കൊണ്ട് തന്നെ, കാടുകൾ മനുഷ്യാരോഗ്യത്തെ എങ്ങനെ അഭിവൃദ്ധിപ്പെടുത്തുന്നു എന്നത് വ്യക്തമായി സ്ഥാപിച്ചാൽ മേല്പറഞ്ഞത് തെളിയിക്കാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ, ആരോഗ്യമുള്ള കാട് ആരോഗ്യമുള്ള ഒരു സമൂഹത്തെ എങ്ങനെ വാർത്തെടുക്കുന്നു എന്നതിന്റെ ചുരുളഴിച്ചാൽ മതിയാവും. രണ്ടാമതായി, വ്യാപകമായുള്ള വനനശീകരണവും ആവാസവ്യവസ്ഥകളുടെ തകര്‍ച്ചയും ഭൂമിയിലൊട്ടാകെ പലവിധ മഹാമാരികളുടെ വ്യാപനത്തിന് കാരണമായതിന് നമ്മൾ സാക്ഷ്യം വഹിച്ചതാണ്. ഈ രോഗങ്ങളെല്ലാം തന്നെ മനുഷ്യരുടെ വംശമോ, ജൻഡറോ, രാജ്യത്തിന്റെ പുരോഗമന തലമോ വകവെക്കാതെ എല്ലാവരെയും ബാധിച്ചിട്ടുണ്ട് (ഓരോ വ്യക്തികളെയും എത്രത്തോളം ബാധിക്കപെട്ടു എന്നത് കൂടുതൽ ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയമാണ്). മാത്രമല്ല, നിലവിലുള്ള പകര്‍ച്ചവ്യാധികളില്‍ പകുതിയും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് (zoonotic disease; WWF ന്റെ വൈറ്റാലിറ്റി ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് കാണുക). ഈ രോഗങ്ങളില്‍ പലതിന്റെയും സ്രോതസ്സ് വന്യമൃഗങ്ങളാണ് എന്നത് ഗൗരവമേറിയ കാര്യമാണ്. ഉൾക്കാട് നശീകരണവും, അതിന്റെ ഭാഗമായുള്ള കാര്‍ഷികപ്രക്രിയകളും എല്ലാം മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പാരസ്പര്യവ്യവഹാരങ്ങള്‍ക്ക് (interactions) ആക്കം കൂട്ടുന്നത്, ഇതിന് ഒരു പ്രധാന കാരണമാവുന്നുണ്ട്. ഈ മേഖലയിലുള്ള രോഗങ്ങളുടെ ഉത്ഭവവും വ്യാപനവും കൂടുതൽ മനസിലാക്കുന്നത് നമ്മുടെ രോഗപ്രതിരോധ മാർഗ്ഗങ്ങളെ മെച്ചപ്പെടുത്തും. ഈ പ്രശ്നങ്ങളും പ്രക്രിയകളും എല്ലാം തന്നെ വ്യക്തിപരവും സാമൂഹികവും ലോകവ്യാപകവുമായുള്ള ആരോഗ്യ പരിപാലനത്തില്‍ വനങ്ങളെ ഒരു മാറ്റിനിര്‍ത്താനാവാത്ത ഘടകമാക്കുന്നുണ്ട്.
വാസ്തവത്തിൽ, ഈയിടെ ലോകമെമ്പാടും സ്വീകാര്യത നേടിവരുന്ന ഏകീകൃത ആരോഗ്യ പരിപാലന സംരംഭമായ “വണ്‍ ഹെല്‍ത്ത്” (One Health) ഉന്നം വെക്കുന്നതും ഇത് തന്നെയാണ്. വണ്‍ ഹെല്‍ത്ത് സംരംഭത്തിന്റെ അടിസ്ഥാന ലക്ഷ്യം, പ്രകൃതിയും അതിലെ ഘടകങ്ങളുടെയും ആരോഗ്യം നിലനിർത്തുന്നത് വഴി മനുഷ്യരുടെ ആരോഗ്യം പരിപാലിക്കുക എന്നതാണ്. പല രാജ്യങ്ങളിലെയും വണ്‍ ഹെല്‍ത്ത് വിജയഗാഥകൾ മനുഷ്യരുടെ ആരോഗ്യം പ്രകൃതിയുടെ ആരോഗ്യവുമായി എത്രത്തോളം ഇഴചേർന്നിരിക്കുന്നുണ്ട് എന്നതിന് അടിവരയിടുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, നല്ലൊരു കാട് ആരോഗ്യമുള്ള ജനതയെ പരിപാലിക്കുന്നത് പോലെ തന്നെ തകർച്ചയിലൂടെ കടന്ന് പോവുന്നൊരു ആവാസവ്യവസ്ഥ നമ്മുടെ ആരോഗ്യത്തെ എതിര്‍ദിശയിലേക്ക് നയിക്കുകയും ചെയ്യും.
എം-പോക്‌സ് വ്യാപനം വനനശീകരണത്തിന്റെ കണ്ണാടിയിലൂടെ
പടിഞ്ഞാറ്, മധ്യ ആഫ്രിക്കന്‍ വനപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മനുഷ്യവാസ മേഖലകളിൽ മാത്രം ഒതുങ്ങി കിടന്നിരുന്ന വൈറസ് രോഗമായ എം. പോക്സ് (monkeypox virus -MPXV) ഈയിടെ ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിന്റെ പല ഭാഗത്തും വ്യാപിക്കുന്നതിനെ കുറിച്ച് നമ്മൾ മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. ആഫ്രിക്കൻ ഉഷ്ണമേഖലാ മഴക്കാടുകളിലെ ഗാമ്പിയന്‍ സഞ്ചി എലികളിലും (Cricetomys gambianus) ഡോര്‍മൈസ് എലികളിലും (Graphiurus sp.) ആഫ്രിക്കൻ അണ്ണാൻ വർഗ്ഗങ്ങളിലുമാണ് (Heliosciurus sp.; Funisciurus sp.) ഈ വൈറസുകള്‍ പ്രകൃതിയിൽ കാണപ്പെടുന്നത്. രോഗബാധയുള്ള വന്യമൃഗങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് മനുഷ്യന് ഈ വൈറസ് ബാധ ഉണ്ടാവുന്നത്. ഈ മൃഗങ്ങളെ ഭക്ഷണമായി ഉപയോഗിക്കുന്നതും രോഗബാധ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ കാരണമാവാറുണ്ട്. ഗവേഷണ കുരങ്ങുകളിലാണ് ഈ വൈറസിനെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും കുരങ്ങുകൾ പ്രകൃതിയിൽ ഇവയുടെ പ്രധാന ശേഖരണികളല്ല (disease reservoir).
എം. പോക്സ് രോഗബാധയെക്കുറിച്ച് കോംഗോയില്‍ (Democratic Republic of Congo, DRC) 2013-ല്‍ നടത്തിയ ഒരു പഠനം നോക്കാം. വനനശീകരണം, കാലാവസ്ഥാവ്യതിയാനം എന്നിവ എങ്ങനെയാണ് എം. പോക്സ് വ്യാപനത്തെ സ്വാധീനിക്കുന്നതെന്ന് അറിയാന്‍ വേണ്ടി ഗവേഷകര്‍ ഈ പഠനമേഖലയിലെ രോഗാണുവാഹകരായ വന്യജീവികളുടെ വിതരണം, ജനസാന്ദ്രത, വനനശീകരണത്തിന്റെ തോത്, ഉള്‍ക്കാടുകളുടെ വിതരണം തുടങ്ങിയവ ഉപയോഗപ്പെടുത്തി രോഗവ്യാപനസാധ്യത മോഡലിങ്ങ് ചെയ്യുകയുണ്ടായി (കോവിഡ് കാലത്ത് രോഗവ്യാപനതോത് മോഡല്‍ ചെയ്യുന്നതിനെ പറ്റി നാം കേട്ട് പരിചയിച്ചതാണല്ലോ). മോഡലിങ്ങില്‍ നിന്നും വനനശീകരണം രോഗാണുവാഹകരായ വന്യജീവികളുടെ വിതരണപരിധി (distribution range)യില്‍ മാറ്റങ്ങള്‍ വരുത്തുകയും ഇത് പുതിയ സ്ഥലങ്ങളിലെ രോഗവ്യാപനസാധ്യത കൂട്ടുകയും ചെയ്യുന്നതായി ഇവര്‍ കണ്ടെത്തി. ഈ ലേഖനത്തോടൊപ്പം നല്‍കിയിട്ടുള്ള ഭൂപടങ്ങള്‍ നോക്കുക.
പഠനമേഖലയിലെ എല്ലാ പ്രദേശങ്ങളിലേയും പാരിസ്ഥിതികസാഹചര്യങ്ങള്‍ (ഭൂവിനിയോഗം, കാടുകളുടെ കെട്ടുറപ്പ് തുടങ്ങിയവ) ഒരുപോലെ ആയിരുന്നാല്‍, എം. പോക്സ് ഹോട്ട്സ്പോട്ടുകള്‍ എവിടെയാണ് ഉണ്ടായിരിക്കുക എന്നതാണ് ആദ്യത്തെ ഭൂപടം കാണിക്കുന്നത്. തുടര്‍ന്ന് രണ്ടാമത്തെ ഭൂപടത്തില്‍ കാണിച്ചിരിക്കുന്നതാകട്ടെ, വനനശീകരണവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ഹോട്ട്സ്പോട്ടുകളുടെ വിതരണത്തെ എങ്ങനെ മാറ്റുന്നു എന്നുള്ളതും. ഇത് ലഭ്യമായ വിവരങ്ങള്‍ വെച്ച് ഗവേഷകര്‍ നടത്തിയ രോഗവ്യാപനമോഡലുകളില്‍ നിന്നും നമുക്ക് മനസ്സിലാകുന്ന വിവരങ്ങളാണ്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള പഠനങ്ങള്‍ നടത്താന്‍ ആവശ്യമായ അറിവുകള്‍ ഭൂരിഭാഗം രോഗങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവികളെയും കാടുകളെയും കുറിച്ചും നമുക്കില്ല എന്നത് ഒരു വസ്തുതയാണ്.
പട്ടുണ്ണികള്‍ പറയുന്നത്
പശ്ചിമഘട്ടത്തിലെ കുരങ്ങുപനിയെപ്പറ്റി എപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. കൊറോണക്കാലത്ത് കോവിഡ്-19 നെപ്പോലെ കേരളത്തിലെ വയനാട് ജില്ലയെ പേടിപ്പിച്ച ഒരു വൈറസ് ആണിതും. കര്‍ണ്ണാടകയിലെ ക്യാസനൂര്‍ വനമേഖലയില്‍ നിന്നും 1957-ല്‍ ആദ്യം തിരിച്ചറിയപ്പെട്ട ഈ ജന്തുജന്യരോഗം അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്നത് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി) എന്നാണ്. കെ.എഫ്.ഡി വൈറസ് ബാധിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങിയ കുരങ്ങുകള്‍ സൃഷ്ടിച്ച ഭീതിയില്‍ നിന്നാണ് ‘കുരങ്ങുപനി’യെന്ന പേരും വന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ രോഗം പരക്കുന്നത് രോഗവാഹകരായ പട്ടുണ്ണി (ടിക്ക് എന്ന് വിളിക്കപ്പെടുന്ന, എലികളിലും മറ്റും സാധാരണയായി കാണപ്പെടുന്ന ബാഹ്യപരാദങ്ങള്‍) കളിലൂടെയാണ്. ഇത് മനസ്സിലാക്കാന്‍ തന്നെ നിരവധി ഗവേഷണപ്രവര്‍ത്തനങ്ങള്‍ നമുക്ക് വേണ്ടിവന്നു. ആദ്യം കൊതുകുകള്‍ വഴിയാണ് ഈ രോഗം വ്യാപിക്കുന്നത് എന്നാണ് നമ്മള്‍ അനുമാനിച്ചത്. പിന്നീട് നടന്ന വിശദമായ പഠനങ്ങളില്‍ ഈര് എന്ന് നമ്മള്‍ വിളിക്കുന്ന പട്ടുണ്ണികളുടെ നിംഫുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നതെന്ന് മനസ്സിലാക്കാനായി. കാടതിര്‍ത്തികളില്‍ താമസിക്കുന്നവര്‍, മൃഗശാലകളുമായി ഇടപഴകുന്നവര്‍, വിറകും തേനും മറ്റും ശേഖരിക്കാനായി കാട്ടിലേയ്ക്ക് പോകുന്നവര്‍, കാട്ടിലേയ്ക്ക് മേയാന്‍ വിടുന്ന കന്നുകാലികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, മതിയായ സുരക്ഷാസാഹചര്യങ്ങളില്ലാതെ കാട് സന്ദര്‍ശിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമല്ലോ. പരമ്പരാഗതഗോത്രസമൂഹങ്ങളെ ഈ രോഗം വലിയ രീതിയില്‍ തന്നെ ബാധിക്കുന്നുണ്ട്. വാക്സിനേഷന്‍, ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെയാണ് മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ പലപ്പോഴും കഴിയുന്നത്. പട്ടുണ്ണികള്‍ വന്യജീവികളില്‍ മാത്രമല്ല, വളര്‍ത്തുമൃഗങ്ങളിലും കാണപ്പെടുന്നു എന്നുള്ളത് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമാണ്. പരാദജന്യരോഗങ്ങള്‍ (vector-borne diseases) കാട്ടില്‍ നിന്നും നാട്ടിലെത്താന്‍ പല വഴികളുമുണ്ട് എന്നതും ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
കാടിനെ പേടിക്കുമ്പോള്‍
ഇത്തരം രോഗങ്ങളെ പരിചയപ്പെടുമ്പോള്‍, കാടുകള്‍, നാം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു പറ്റം രോഗങ്ങളുടെ സംഭരണകേന്ദ്രങ്ങളാണെന്ന് തോന്നിപ്പോകുന്നതും അവയെ അകലെനിന്ന് മാത്രം നോക്കാനോ, അല്ലെങ്കില്‍ നശിപ്പിച്ചുകളയാനോ തോന്നുന്നതും പ്രഥമദൃഷ്ട്യാ നമുക്കുണ്ടാകാവുന്ന പ്രതികരണങ്ങളാണ്. നിപ്പ രോഗസമയത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചേക്കേറിയിരുന്ന വന്‍വൃക്ഷങ്ങള്‍ തീയിട്ടതും വെട്ടിവീഴ്ത്തിയതും ഒക്കെ ഈയൊരു സമീപനത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രതിഫലിക്കുന്ന നമ്മുടെ ഉള്ളിലെ പേടിയെ കൃത്യമായി അഭിമുഖീകരിക്കേണ്ടതുണ്ട്. അപകടങ്ങള്‍ നടക്കുന്നു എന്ന് കരുതി നാം വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുകയോ, റോഡുകള്‍ മുഴുവന്‍ നശിപ്പിച്ചുകളയുകയോ ചെയ്യാറില്ലല്ലോ. വൈവിധ്യങ്ങളാർന്ന ജീവിരൂപങ്ങളുടെ ശേഖരങ്ങളായ വനങ്ങൾ മനുഷ്യരടക്കമുള്ള ജീവനുകളുടെ നിലനിൽപ്പിന് അനിവാര്യമാണ്. കാടിന്റെ സന്തുലിതാവസ്ഥയിലുള്ള താളപ്പിഴകളോ, നമ്മുടെ കടന്നുകയറ്റമോ ഒക്കെ പലപ്പോഴും അപ്രതീക്ഷിതമായ രോഗവ്യാപനത്തിന് കാരണമാവാറുണ്ട്. എന്നാല്‍ ഇക്കാരണങ്ങൾ കൊണ്ട് വനങ്ങളെ നശിപ്പിക്കുന്നതും ആവാസവ്യവസ്ഥകള്‍ തകിടം മറിയ്ക്കുന്നതും ഭൂമിയിലെ ജീവന്റെ നിലനില്പിനെ തന്നെ വലിയ അളവിൽ ബാധിച്ചേക്കാം. ഈ രണ്ട് കാഴ്ചപ്പാടുകളെയും തൃപ്തിപ്പെടുത്തുന്ന ഒരു തലത്തിൽ (trade-off) നിന്ന് കൊണ്ട് വേണം നമ്മൾ വനങ്ങളെ സമീപിക്കാൻ. മുന്‍കരുതലുകളും കൃത്യതയാര്‍ന്ന അവബോധവും ആണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്. അതിന് ശാസ്ത്രീയമായ പഠനങ്ങളും, ശക്തമായ സാങ്കേതിക അടിത്തറകളുള്ള സ്ഥാപനങ്ങളും, വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള ആളുകളുടെ കൂട്ടായ്മയും അനിവാര്യമാണ്. ഇത് സംശയാസ്പദയമായ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫോറസ്റ്റ് വാച്ചറിലോ, സാധാരണക്കാരനായ വ്യക്തിയിലോ തുടങ്ങി ആരോഗ്യപ്രവര്‍ത്തകരും വന്യജീവിഗവേഷകരും ബോധവത്കരണപ്രവര്‍ത്തനം നടത്തുന്ന കൂട്ടായ്മകളും വൈറസ് ഗവേഷണകേന്ദ്രം പോലുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരുമടക്കം ഉൾപ്പെടുന്ന ഒരു വലിയ ശൃംഖലയാണ്.
കാട് നമ്മുടെ ചര്‍ച്ചയില്‍
ആഗോളമാറ്റങ്ങള്‍, ജൈവവൈവിധ്യശോഷണം, മനുഷ്യാരോഗ്യം എന്നിവയെയൊക്കെ ചുറ്റിപ്പറ്റി നിരവധി ചര്‍ച്ചകളാണ് ഈയടുത്ത കുറെ വര്‍ഷങ്ങളായി നടക്കുന്നത്. ഈ ചര്‍ച്ചകളുടെ കാതല്‍ കാടും മനുഷ്യാരോഗ്യവും തമ്മിലുള്ള ബന്ധങ്ങളാകുന്നതും ഇത്തവണത്തെ വനദിനത്തിന് ഇത്തരമൊരു വിഷയം മുഖ്യധാരയിലെത്തുന്നതും ഒന്നും യാദൃശ്ചികമല്ല. മനുഷ്യന്റെ ആവാസവ്യവസ്ഥകളില്‍ കാലാന്തരത്തില്‍ വന്ന മാറ്റങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടോയെന്ന് ‘സംശയിക്കപ്പെടുന്ന’ കുറെ വിചാരങ്ങളെ വീണ്ടെടുക്കന്നതിനുള്ള ഒരു ബോധപൂര്‍വ്വമായ ശ്രമമാണിത്. ഭൗതികവും മാനസികവുമായ മനുഷ്യന്റെ ആരോഗ്യത്തില്‍, പിരിമുറുക്കങ്ങളുടെ അളവ് കുറയ്ക്കുന്നതില്‍, കാടിന് അനിഷേധ്യമായ സ്ഥാനമുണ്ടെന്നത് കാലങ്ങളുടെ ഗവേഷണഫലങ്ങള്‍ അടിവരയിടുന്നതാണ്. വളരെയധികം സാങ്കേതിക-ജീവിതനിലാവാരങ്ങളില്‍ മുന്നേറ്റം നേടിയിട്ടും മനുഷ്യർക്കിടയിൽ ഇടയ്ക്കിടെ ഒറ്റപ്പെടലുകൾ (alienation) അനുഭവപ്പെടുന്നതിന്റെ കാരണം എന്താണെന്ന് യുവാല്‍ നോവ ഹരാരിയുടെ സാപിയൻസ് എന്ന പുസ്തകത്തിൽ ലളിതമായ രീതിയിൽ വിശദീകരിക്കുന്നുണ്ട്. ഭൗതികമായി മനുഷ്യന് ഒരു നാട്ടുവാസിയോ നഗരവാസിയോ ആയി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ജനിതപരകമായി മനുഷ്യരിപ്പോഴും വേട്ടയാടിയും ശേഖരിച്ചും ജീവിച്ച് പോന്നിരുന്ന നമ്മുടെ പൂർവികരില്‍ നിന്ന് വലിയ ദൂരം സഞ്ചരിച്ചിട്ടില്ല എന്നതാണത്. ഈ ഒറ്റപ്പെടലുകള്‍ക്കും അനാഥമായെന്നുള്ള ചിന്തകൾക്കും ശമനം നൽകുന്നതിൽ കാട്ടിലേക്കുള്ള മടക്കം, കാടുജീവിതത്തിലേക്കുള്ള തിരിച്ചറിവ് നമ്മളെ വളരെയധികം സഹായിക്കുമെന്നും ആദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
ഇനി പ്രത്യക്ഷമായി കാട് നല്‍കുന്ന വിഭവങ്ങള്‍ പരിശോധിച്ചാല്‍, ഔഷധ-പോഷകഗുണങ്ങളുള്ള നിരവധി ഘടകങ്ങൾ നമ്മുടെ ആരോഗ്യത്തെ ചെറുതായൊന്നുമല്ല സ്വാധീനിക്കുന്നതെന്ന് നമുക്ക് മനസ്സിലാവും. ഈ രണ്ട് കൈവഴികള്‍ക്കപ്പുറത്തേയ്ക്ക് നീങ്ങുമ്പോള്‍, കാട് എന്ന ആവാസവ്യവസ്ഥ (അതിന്റെ ആരോഗ്യാവസ്ഥയില്‍) ബഫര്‍ ചെയ്ത്, അല്ലെങ്കില്‍ നിയന്ത്രിച്ച് നിര്‍ത്തുന്ന പകര്‍ച്ചവ്യാധികളിലേക്ക് നമുക്ക് എത്തിനോക്കാന്‍ കഴിയും. കാട് നമ്മുടെ ആരോഗ്യത്തില്‍ ചെലുത്തുന്ന ഇത്തരം സ്വാധീനങ്ങളെയും അതിന്റെ വ്യാപ്തിയെയും അറിഞ്ഞ് ഉപയോഗപ്പെടുത്തുന്നതിലൂടെയാവും, മുന്നേ പരാമര്‍ശിച്ച ‘വണ്‍ ഹെല്‍ത്ത്’പോലുള്ള ബഹുതല പദ്ധതികളെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുക.
വണ്‍ ഹെല്‍ത്ത് സമീപനം: ഒരുദാഹരണം
85% ജനതയും വിദൂരമായ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന പാപ്പുവ ന്യൂഗിനിയ എങ്ങനെയാണ് വണ്‍ ഹെല്‍ത്തിനെ സ്വീകരിച്ചതെന്ന് നോക്കുക: സുസ്ഥിരമായ പരിസ്ഥിതിപരിപാലനം സാധ്യമാകണമെങ്കില്‍, പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങളാണ് വേണ്ടതെന്ന് മനസ്സിലാക്കി അവര്‍ “ആരോഗ്യമുള്ള ഗ്രാമം, ആരോഗ്യമുള്ള കാട്” എന്ന ആശയം കംഗാരൂ കണ്‍സര്‍വേഷന്‍ പദ്ധതിയിലൂടെ (മേഘക്കാടുകളിലെ മരകംഗാരുകളെ സംരക്ഷിക്കാനായി ആരംഭിച്ച വുഡ്‌ലാന്റ് പാര്‍ക്കിന്റെ സംരംഭം) നടപ്പിലാക്കി. ഇതിലൂടെ അവിടത്തെ പ്രാദേശികജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ഗവണ്‍മെന്റ് അടിസ്ഥാന ആരോഗ്യസംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും, ഈ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള പ്രാദേശിക കാര്യക്ഷമതാ നിര്‍മ്മാണം നടത്തുകയും, മറ്റ് അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. പ്രാദേശികജനതയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇവിടത്തെ ഒരു പ്രദേശം സംരക്ഷിത മേഖലയായി (YUS Conservation Area) അവര്‍ കാണുന്നതിനാല്‍ മരകംഗാരുകളെ (Dendrolagus matschiei) വേട്ടയാടപ്പെടുന്നതില്‍ നിന്നും തടയാനും സാധിക്കുന്നു. സമപ്രായക്കാരുടെ പഠനകൂട്ടായ്മകളിലൂടെ മനുഷ്യ-വന ആരോഗ്യത്തെയും ഭക്ഷ്യസ്രോതസ്സുകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. വൃത്തിയുള്ള ജലവും വായുവും, ആരോഗ്യമുള്ള ജൈവവൈവിധ്യമാര്‍ന്ന കാടും ഉണ്ടാകുന്നതെങ്ങനെയെന്നും, അവ പ്രത്യക്ഷത്തിലും പരോക്ഷമായും ജനതയുടെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും, അവര്‍ക്ക് അറിയാന്‍ അവസരമൊരുക്കുന്നു. ഹെല്‍ത്ത് ഇന്‍ ഹാര്‍മണി, ബ്ലൂ വെഞ്ചര്‍സ് എന്നിവയും വണ്‍ ഹെല്‍ത്തിന് സമാനമായി ആരോഗ്യമുള്ള ആവാസവ്യവസ്ഥകളെയും മനുഷ്യരെയും വിഭാവനം ചെയ്ത പദ്ധതികളാണ്. അവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായനക്കാര്‍ ശ്രമിക്കുമല്ലോ.
കാടൊരു തണലാകുമ്പോള്‍
2019-ൽ പ്രസിദ്ധീകരിക്കപ്പെട്ട Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ആഗോള റിപ്പോർട്ടും, മറ്റ് ആഗോള പഠനങ്ങളും മനുഷ്യാരോഗ്യത്തിന് കാടുൾപ്പടെയുള്ള പ്രകൃതി നൽകുന്ന വിവിധ ഗുണങ്ങളെ പല വിഭാഗങ്ങളാക്കി തരം തിരിച്ചിട്ടുണ്ട്. പോഷകാഹാര ലഭ്യത, പകർച്ചേതരവ്യാധികളില്‍ (non-communicable diseases) നിന്നുള്ള പ്രതിരോധം, പകർച്ചവ്യാധികൾ തടയൽ, പ്രകൃതിദുരന്തങ്ങളിൽ നിന്നുള്ള പ്രതിരോധം, മാനസികാരോഗ്യ അഭിവൃദ്ധി, പ്രകൃതി വിഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടാകുന്ന മരുന്നുകൾ തുടങ്ങിയവയാണ് കാടുകൾ മുഖേന നമുക്ക് ലഭിക്കുന്ന പ്രധാന ആരോഗ്യ ഗുണങ്ങൾ. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ മരണ നിരക്കിന്റെ 71 ശതമാനവും പകർച്ചേതരവ്യാധികള്‍ മൂലമാണ്. ഇതിൽ തന്നെ 80% പകർച്ചേതരവ്യാധികള്‍ മൂലമുള്ള മരണങ്ങളും ഹൃദ്രോഗം, അർബുദം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പ്രമേഹ രോഗങ്ങൾ എന്നീ നാല് തരം രോഗങ്ങൾ കാരണമാണ്. ഇവയിൽ 77% മരണവും മൂന്നാം ലോകരാജ്യങ്ങളിലാണ് സംഭവിക്കുന്നത് എന്നത് ഗൗരവമായൊരു കാര്യമാണ്.
കാടുകൾ എങ്ങനെയാണ് പകർച്ചേതരവ്യാധികളിൽ നിന്ന് നമ്മളെ സംരക്ഷിക്കുന്നത് എന്നതിനെ കുറിച്ച് അധികം പഠനങ്ങൾ ലഭ്യമല്ലെങ്കിലും പല പഠനങ്ങളും പരോക്ഷമായി ഇതിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. കാടും മേടുമൊക്കെ നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ (നടത്തം, ഓട്ടം, ചാട്ടം, കുന്ന് കയറൽ, നീന്തൽ തുടങ്ങിയവ) മെച്ചപ്പെടുത്തും എന്നത് കൊണ്ട് തന്നെ നമ്മുടെ പ്രതിരോധവ്യവസ്ഥയെ കാര്യക്ഷമമാക്കാനും, ക്രമേണ രക്തസമ്മർദ്ദത്തെ കുറക്കാനും, മാനസിക പിരിമുറുക്കം, ഉൽക്കണ്ഠ തുടങ്ങിയ മനഃക്ലേശങ്ങളെ ശമിപ്പിക്കാനും കാരണമാവുന്നു. ഇതുകൂടാതെ രക്തത്തിലെ കോര്‍ട്ടിസോള്‍,ഗ്ലൂക്കോസ്‍ എന്നിവയുടെ അളവുകളെ കുറക്കുന്നതും പ്രമേഹ രോഗികൾക്ക് ഉപകാരപ്രദമാണ് (വൈറ്റാലിറ്റി ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ടും, IPBES - 2019 റിപ്പോര്‍ട്ടും കാണുക). രക്തസമ്മർദ്ദവും മറ്റു ഹൃദ്രോഗ സംബന്ധമായ ഘടകങ്ങളും കാടുമായി സമ്പർക്കത്തിൽ വരുന്നവരിൽ കുറയുന്നതായി 2009-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നുണ്ട്. മാത്രമല്ല, 12 വയസ്സിന് താഴെയുള്ള കുട്ടികളിൽ നടത്തിയ പഠനം കാടുമായുള്ള സമ്പർക്കം കുട്ടികളുടെ ആരോഗ്യപരമായ വളർച്ചക്ക് അത്യാവശ്യമാണെന്ന് തെളിയിക്കുന്നുണ്ട്. പ്രകൃതിയുമായി ബന്ധപെട്ടു കിടക്കുന്ന കായിക പ്രവർത്തനങ്ങളും മറ്റു വിനോദങ്ങളും കുട്ടികളുടെ ആരോഗ്യകരമായ സാമൂഹിക, മാനസിക വളർച്ചക്ക് ആക്കം കൂട്ടുന്നുണ്ടെന്ന് ഈ പഠനം വിശദീകരിക്കുന്നുണ്ട്.
പ്രകൃതി മലിനീകരണം, പ്രത്യേകിച്ച് വായു മലിനീകരണം ആണ് മനുഷ്യരിൽ പകർച്ചേതരവ്യാധികള്‍ പ്രധാനായി ഉണ്ടാവാനും അകാലമരണത്തിനും കാരണമാവുന്നതെന്ന് 2018-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. 2015 ൽ ഇത് മൂലമുള്ള മരണനിരക്ക് ഏകദേശം 90 ലക്ഷവും, അതിൽ തന്നെ 92%മൂന്നാം ലോക രാജ്യങ്ങളിലുമാണ്. കാടുകൾ വായുവിൽ നിന്ന് മലിനീകരണ വസ്തുക്കളെ നീക്കം ചെയ്യുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വർധിച്ചു വരുന്ന വനനശീകരണം കാടുകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഈ സൗകര്യത്തെ ഇല്ലാണ്ടാക്കുക മാത്രമല്ല, മനുഷ്യപ്രവർത്തനങ്ങൾ മൂലമുള്ള കാര്‍ബണ്‍ ഡയോക്സൈഡ് പ്രസരണം (emission) 12% അധികമായി ഉയർത്തുകയും ചെയ്യും.
ഇതിന്റെ കൂടെത്തന്നെ പറയേണ്ട മറ്റൊരു പ്രശ്നമാണ് പകർച്ചവ്യാധികൾ. പകർച്ചവ്യാധികൾ ഉഷ്ണമേഖലാ രാജ്യങ്ങള്‍ക്ക് വലിയൊരു ഭീഷണിയാണ്. ഇവ മൂലമുണ്ടാവുന്ന മരണനിരക്കിൽ ഏകദേശം 44 ശതമാനവും മൂന്നാംലോക രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഉയർന്നു വരുന്ന പകർച്ചവ്യാധികളിൽ (emerging infectious diseases) 75 ശതമാനവും മൃഗങ്ങളിൽ നിന്നാണെന്നും ഇവയിൽ മൂന്നിൽ ഒന്ന് രോഗങ്ങളുടെയും ഉത്ഭവകാരണം വനനശീകരണവും, ഉൾകാടുകളിൽ മനുഷ്യരുടെ അധികരിച്ച സാന്നിധ്യവും പോലെയുള്ള ഭൂവിനിയോഗത്തിലുള്ള മാറ്റങ്ങൾ (land use changes) മൂലമാണെന്നും പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ഇതെല്ലം തന്നെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗകാരികൾ സ്പീഷീസ് വരമ്പുകള്‍ (species barriers) മുറിച്ച് കടന്ന് എത്താനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. കോവിഡ്-19 നമ്മുടെ മുൻപിലുള്ള ഒരു പ്രധാന നേർക്കാഴ്ചയാണല്ലോ. ആരോഗ്യമുള്ള വന ആവാസവ്യവസ്ഥകൾ വെള്ളപൊക്കം, സുനാമി, ചുഴലിക്കാറ്റ്, മണ്ണിടിച്ചിൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ആഘാതത്തെയും കുറയ്ക്കാന്‍ സഹായകമാണ്. 2004-ൽ തെക്കേ ഇന്ത്യയടക്കം പല സ്ഥലങ്ങളെയും ബാധിച്ച സുനാമി മൂലമുണ്ടായ നാശനഷ്ടം പരിശോധിച്ചാൽ നമുക്കത് വ്യക്തമാവും. തീരദേശങ്ങളിൽ കണ്ടൽക്കാടുകൾ ഇല്ലാത്ത സ്ഥലങ്ങളെ അപേക്ഷിച്ച് കണ്ടൽ കാടുകൾ ഉള്ള പ്രദേശങ്ങളിൽ സുനാമി ഉണ്ടാക്കിയ നാശനഷ്ടം വളരെ കുറവാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
മരുന്നുകളുടെ പിറവി
കാട് നല്‍കുന്ന വിഭവങ്ങളില്‍ മരുന്നുകളുടെ പ്രാധാന്യം നേരത്തെ സൂചിപ്പിച്ചല്ലോ. ആധുനിക ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ പലതും വര്‍ഷങ്ങളുടെ ഗവേഷണഫലമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള സിന്തറ്റിക്ക് സംയുക്തങ്ങളാണ് (synthetic compounds). എന്നാല്‍ അവയില്‍ പലതിനും മുന്‍കാലങ്ങളിലെ നമ്മുടെ അറിവിന്റെയോ (ഔഷധസസ്യങ്ങള്‍, ജീവികളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഔഷധങ്ങള്‍ തുടങ്ങിയവ), ആകസ്മികമായി ജീവജാലങ്ങളില്‍ നിന്നും കണ്ടുപിടിക്കപ്പെടുന്ന ജീവപ്രയോഗക്ഷമതയുള്ള സംയുക്തങ്ങളുടെയോ (bioactive compounds) പിന്‍ബലമുണ്ട്. പരമ്പരാഗതമായി കാട്ടില്‍ നിന്നും ശേഖരിച്ച് ഉപയോഗിക്കുന്ന ഒരു നാടന്‍ ചെടിയുടെ ഇലയോ, പൂവോ ആകാം ഒരു പക്ഷെ നാളെ അത്യന്തം ഭീതിജനകമായ ഒരു രോഗത്തിന് പ്രതിവിധി നല്‍കുന്ന മരുന്നിലേയ്ക്ക് ശാസ്ത്രലോകത്തെ നയിക്കുന്നത്. ഹിമാലയന്‍ മലനിരകളില്‍ വളരുന്ന ‘തൂണര്‍’ (Taxus wallichiana) എന്ന് വിളിക്കുന്ന ഒരു വൃക്ഷത്തിന്റെ ഇലയും തൊലിയും ഇവിടത്തെ പ്രാദേശികജനത ജലദോഷം, പനി, വേദന തുടങ്ങിയവ ഭേദമാവുന്നതിന് ഉപയോഗപ്പെടുത്താറുണ്ട്. ടാക്സസ് എന്ന ഈ ജനുസ്സില്‍ പെട്ട മറ്റനേകം വൃക്ഷങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി കാണാം. ഇവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ‘ടാക്സോള്‍’ എന്ന മരുന്ന് ക്യാന്‍സറിനെതിരായി ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആംചി, യൂനാനി, ആയുര്‍വേദം, ഹാന്‍ ചൈനീസ് തുടങ്ങിയ പരമ്പരാഗത ചികിത്സാരീതുകളില്‍ ഈ മരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് കാണാം. ഇത് ഒരുദാഹരണം മാത്രമാണ്. പതിനേഴാം നൂറ്റാണ്ടിലെ തികച്ചും ആകസ്മികമായ ഒരു വൈദ്യശാസ്ത്രമുന്നേറ്റമായി അറിയപ്പെടുന്ന ക്വിനൈന്‍, മലമ്പനിയെ നേരിടാന്‍ സഹായിച്ചതിന് ലോകം ദൃക്സാക്ഷിയാണ്. സിങ്കോണ (Cinchona spp.) സസ്യങ്ങളുടെ തൊലിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ക്വിനൈന്‍ ആയിരുന്നു ഒരു പകര്‍ച്ചവ്യാധിയെ വിജയകരമായി നേരിടാന്‍ നമ്മെ സഹായിച്ച ആദ്യ രാസസംയുക്തം. നമ്മുടെ പശ്ചിമഘട്ടത്തില്‍ കാണി ഗോത്രക്കാര്‍ ഉപയോഗിച്ചിരുന്ന ആരോഗ്യപച്ച (Trichopus zeylanicus) യില്‍ നിന്നും വികസിപ്പിച്ചെടുത്ത ‘ജീവനി’ എന്ന മരുന്ന് തൊട്ടടുത്തുനിന്നുള്ള മറ്റൊരുദാഹരണമാണ്. ഇത്തരത്തില്‍ നമ്മുടെ ആരോഗ്യ-വൈദ്യശാസ്ത്രരംഗങ്ങളെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള മറ്റനവധി ജീവജാലങ്ങളുടെ കലവറകളാണ് കാടുകള്‍. അവിടെ നിന്നാണ് തിരിച്ചറിഞ്ഞിട്ട് പോലുമില്ലാത്ത പല ജീവികളും എന്നെന്നേയ്ക്കുമായി ഇല്ലാതാകുന്നത്; നമ്മളാല്‍ ഇല്ലാതാകുന്നത്.
കാടിന്റെ ആരോഗ്യമോ?
കാടിന്റെ ആരോഗ്യമുള്ള ആവാസവ്യവസ്ഥ എന്ന് നേരത്തെ പരാമര്‍ശിച്ചല്ലോ, എപ്പോഴാണത് നഷ്ടമാവുന്നത്? അല്ലെങ്കില്‍ ആരോഗ്യമുള്ള കാട് എന്നത് കൊണ്ട് എന്താണ് നാം അര്‍ത്ഥമാക്കുന്നത്? വളരെ ലളിതമായി പറഞ്ഞാല്‍, ഒരു കാട് ആരോഗ്യമുള്ളതാണെന്ന് പറയുന്നത് അതിന്റെ അനന്യമായ സ്പീഷീസ് സംവിധാനരീതിയെയും (unique species composition) അതിനുള്ളില്‍ നടക്കുന്ന പ്രക്രിയകളെയും (processes) നിലനിര്‍ത്താന്‍ കഴിയുമ്പോഴാണ്. കാട് ആരോഗ്യമുള്ളതാവുന്നത് വര്‍ത്തമാനകാലത്തെയും ഭാവിയിലെയും മനുഷ്യാവശ്യങ്ങള്‍ (മൂല്യങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍) നിറവേറ്റാന്‍ കഴിയുമ്പോള്‍ കൂടെയാണ്. ഇതിന് പറ്റാതിരിക്കുന്നത് എന്തുകൊണ്ടാണ്? അല്ലെങ്കില്‍ കാടിന്റെ ആരോഗ്യം ക്ഷയിക്കുന്നത് എങ്ങനെയാണ്? - അത് പല കാരണങ്ങള്‍ കൊണ്ടാവാം - കാട്ടുതീ, മരങ്ങളെയോ മറ്റ് ജീവജാലങ്ങളെയോ ബാധിക്കുന്ന രോഗങ്ങള്‍, അനിയന്ത്രിതമായ വിഭവസമാഹരണവും ചൂഷണവും, മോശമായ പരിപാലനം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം - പല രീതിയിലും അളവുകളിലുമാവാം. ഇങ്ങനെ കാടിന്റെ ആരോഗ്യം ക്ഷയിക്കുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കാന്‍ തുടങ്ങുന്നു. ഇവിടെയാണ് നമ്മളുള്‍പ്പെടുന്ന ജീവജാലങ്ങളുടെ ആരോഗ്യം പരസ്പരം കണ്ണിചേര്‍ന്നതാണെന്ന് മനസ്സിലാക്കിയുള്ള സമീപനവും രീതിശാസ്ത്രവും പ്രസക്തിയുള്ളതാവുന്നത്. വണ്‍ ഹെല്‍ത്ത് രീതിശാസ്ത്രത്തിലൂടെ മനുഷ്യന്റെയും മറ്റ് ജീവികളുടെയും ആവാസവ്യവസ്ഥകളുടെയും എല്ലാം ആരോഗ്യം ഒരു കുടക്കീഴില്‍ വരുമ്പോള്‍, ഇവ തമ്മിലുള്ള സുപ്രധാനമായ ഇടപെടലുകള്‍ നാം പ്രത്യേകം ഉള്‍ക്കൊള്ളേണ്ടതുണ്ട്. തെരുവിലെ നായകള്‍ക്ക് ഒരു പകര്‍ച്ചവ്യാധി പിടിപെട്ടെന്ന് കരുതുക. അത് നമ്മളുള്‍പ്പെടെയുള്ള മറ്റ് ജീവികളിലേക്ക് പകരാനുള്ള സാധ്യത ആ ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന് അനുസരിച്ച് കൂടെ ഇരിക്കും. അതുകൊണ്ട് തന്നെ ഈ ശൃംഖലയിലെ ഒരു കണ്ണിയെയും വേറിട്ട് കാണാന്‍ കഴിയില്ല, ഓരോന്നിന്റെയും ആരോഗ്യാവസ്ഥ പ്രധാനമാണ്.
ഒരേ വിഷയം, പല മുഖങ്ങള്‍
കുരങ്ങുപനിയെയോ, നിപ്പയെയോ പോലെ നിങ്ങളുടെ ജില്ലയില്‍ ഒരു പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് കരുതുക. ഒരു സാധാരണവ്യക്തി എന്ന നിലയില്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? അതുതന്നെ രോഗ ഉത്ഭവകേന്ദ്രത്തിന്റെ അടുത്താണ് നിങ്ങളെങ്കിലോ? ഇനി നിങ്ങള്‍ ആരോഗ്യപ്രവര്‍ത്തനത്തിലോ, കാടുമായി ബന്ധപ്പെട്ട ഗവേഷണപ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുന്ന വ്യക്തിയാണെങ്കിലോ? വനവിഭാഗത്തില്‍ ജോലി ചെയ്യുന്ന വാച്ചറോ, വനവിഭാഗം നിയന്ത്രിക്കുന്ന പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററോ, പ്രസ്തുത വകുപ്പിലെ മന്ത്രിയോ, പോലീസോ, പഞ്ചായത്ത് ചെയര്‍പേഴ്സണോ ആയിരുന്നെങ്കിലോ? ഇത്തരത്തില്‍ ഒരു രോഗവുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ നേരിട്ടോ അല്ലാതെയോ ഇടപഴകേണ്ടി വരുന്ന അനേകം വ്യക്തികളുണ്ട്. അവരുടെ ചിന്തകളില്‍ കൂടി നമുക്ക് കടന്നുപോകാന്‍ കഴിഞ്ഞാലേ ഇത്തരം സാഹചര്യങ്ങളുടെ, അല്ലെങ്കില്‍ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ ബഹുമുഖത്വവും (multifaceted nature), സങ്കീര്‍ണ്ണതയും (complex) കുറെയൊക്കെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ആധികാരികമോ പൂര്‍ണ്ണമോ അല്ലാത്ത ശാസ്ത്രീയ-സാമൂഹ്യ തെളിവുകള്‍ (unreliable and insufficient evidences) ഇവിടെ ഒരു പ്രധാന പ്രശ്നമാണ്. ഇനി ഇത്തരത്തില്‍ തെളിവുകള്‍ ലഭ്യമാണെങ്കില്‍ തന്നെ, അവ എങ്ങനെ പ്രായോഗികതലത്തില്‍ ഉപയോഗപ്പെടുത്താമെന്ന അറിവിന്റെയോ, പരിചയത്തിന്റെയോ കുറവും (uncertainty in implementation) നമ്മളെ സാരമായി ബാധിക്കുന്നു. ഈ രണ്ടു തലങ്ങളും തരണം ചെയ്യുമ്പോഴായിരിക്കും പലപ്പോഴും നിയമനിര്‍മ്മാണ-പ്രയോഗതലങ്ങളിലെ (policy-making and practicing) വിടവുകള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത്. പരിസ്ഥിതി-ആരോഗ്യ-സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരസ്പരസഹകരണവും ഓരോ കാര്യങ്ങളുടെയും പല മുഖങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള മനോഭാവവും വളരെ പ്രധാനപ്പെട്ടതെന്ന് സാരം.
ആഗോളമാറ്റങ്ങളുടെ ഭാഗമായി മനുഷ്യാരോഗ്യത്തില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കാനും അനുയോജ്യമായ പ്രതിവിധികള്‍ കണ്ടെത്താനുമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രകൂട്ടായ്മകളുടെ പ്രധാന ലക്ഷ്യവും ഇതു തന്നെയാവേണ്ടതുണ്ട്. Global Environmental Change and Human Health (GEC&HH), The Cooperation on Health and Biodiversity (COHAB) തുടങ്ങിയ കൂട്ടായ്മകള്‍ ഈ ദിശയില്‍ നീങ്ങുന്നത് പ്രത്യാശ നല്‍കുന്നതാണ്. വണ്‍ ഹെല്‍ത്ത് പോലുള്ള ആശയങ്ങളെ നമ്മള്‍ സ്വാഗതം ചെയ്യുമ്പോള്‍ അതിന്റെ വൈവിധ്യമാര്‍ന്ന വശങ്ങളും സാധ്യതകളും, അതുപോലെ വെല്ലുവിളികളും പൊതുജനസമക്ഷം ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ഉന്നതതലങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന, സാങ്കേതികത നിറഞ്ഞ വിവരണങ്ങളാല്‍ മാത്രം അറിയാന്‍ കഴിയുന്ന, പൊതുവേ സാധാരണക്കാരന് അറിയാനും പങ്കാളിയാവാനും കഴിയാത്തതെന്ന് തോന്നുന്ന - ഒരു പതിവ് ശൈലിയിലാണ് നമ്മള്‍ ഈ പദ്ധതിയെയും വിഭാവനം ചെയ്യുന്നതെങ്കില്‍ നിശ്ചിതദിശയില്‍ പോയി മുങ്ങുന്ന ഒരു കപ്പലായി ഇതു മാറും.
മാറേണ്ട സമീപനം, കാഴ്ച്ചപ്പാടുകള്‍
ഇത്രയുമൊക്കെ പറഞ്ഞുവെച്ച സ്ഥിതിക്ക്, ഈ ലേഖകരുടെ കാഴ്ചപ്പാടുകള്‍ ഒന്ന് കൂട്ടിച്ചേര്‍ത്ത് വരച്ച് നോക്കാം (തുടര്‍ന്ന് നല്‍കിയിരിക്കുന്ന ചിത്രം കാണുക):
മനുഷ്യനെ സംബന്ധിച്ച് അടിസ്ഥാനപരമായി ഒരു വിഭവകേന്ദ്രമാണ് കാട്. ഭക്ഷണവും ഔഷധങ്ങളും അടങ്ങുന്ന ധാരാളം വിഭവങ്ങളുടെ തുടക്കം. ഇവയെല്ലാം തന്നെ മനുഷ്യന്റെ ആരോഗ്യകരമായ വളർച്ചയെ പ്രത്യക്ഷമായ രീതിയിൽ തന്നെ സ്വാധീനിക്കുന്നു. മനുഷ്യരെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ശാരീരിക-മാനസികാരോഗ്യങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, വന്യമൃഗങ്ങൾ മനുഷ്യരുമായി സമ്പർക്കത്തിൽ വരുന്നത് വഴി പകരുന്ന പല പകർച്ചവ്യാധികളെയും ആരോഗ്യമുള്ള കാടുകൾ പ്രതിരോധിക്കുകയും പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
നമ്മുടെ ആരോഗ്യത്തിന്റെ നിലനില്‍പ്പ് കാടുകളുടെ നിലനില്‍പ്പും സമൃദ്ധിയും ആയി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് സാരം. ഇത് എങ്ങനെയാണ് ഉറപ്പുവരുത്താന്‍ കഴിയുക? ഒരു കാര്യം തീര്‍ച്ചയാണ്. വളരെയധികം മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന ഒരു ശൃംഖലയിലാണ് ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിനായി നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നിയമനിർമാണ പ്രക്രിയകളിലൂടെയും, പല തലങ്ങളിലുള്ള സർക്കാർ സംവിധാനങ്ങളിലൂടെയും, കാടുമായും മനുഷ്യന്റെ ആരോഗ്യപരിപാലനവുമായും നിരന്തരമായി ബന്ധം പുലർത്തുന്ന മറ്റനേകം തല്‍പ്പരകക്ഷികളുടെയും (stakeholders) പങ്കാളിത്തം ഇതിന് അനിവാര്യമാണ്. ഇവരുടെയെല്ലാം സമഗ്രമായുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഉൾക്കാട് നശീകരണം, ജന്തുജന്യ രോഗങ്ങളുടെ വ്യാപനം മുതലായവ തടയാനും കാടിനെ ആശ്രയിച്ച് കഴിയുന്ന പല സമുദായങ്ങളുടെയും ആവശ്യങ്ങളെയും അവകാശങ്ങളെയും മനസ്സിലാക്കാനും നമുക്ക് സാധ്യമാവുകയുള്ളൂ. ഇതിനു സമാന്തരമായി, കാട് എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് എന്നതിനെ ആഴത്തിൽ മനസ്സിലാക്കാൻ ആവശ്യമായ ഗവേഷണപഠനങ്ങളും നടക്കണം. അതിനാവശ്യമായ വിഭവങ്ങളും, സഹായങ്ങളും, സൗകര്യങ്ങളും ലഭ്യമാവേണ്ടത് ഒരു പൊതു ആവശ്യമാണ് എന്ന് നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കേണ്ടത് അനിവാര്യതയാണ്. ശാസ്ത്രീയപഠനങ്ങളും മറ്റ് അറിവുകളും കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ച് ബോധവത്കരിക്കാനുള്ള ശ്രമവും ശാസ്ത്ര-സാമൂഹ്യ-മാധ്യമ മേഖലകളില്‍ നിന്നും ഉണ്ടാവേണ്ടത് അതിപ്രധാനം.
മിക്കപ്പോഴും സാമൂഹിക ഇടങ്ങളിൽ കാടിന്റെ സംരക്ഷണം ചർച്ചാ വിഷയമാവുമ്പോൾ അതില്‍ പലപ്പോഴും കാട് ഒരു വശത്തും പുരോഗമനം മറുവശത്തും ആവുകയോ, കാടിന്റെ സംരക്ഷണം തനത് ജനതയുടെ നിലനില്പിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ആവുകയോ ചെയ്യും വിധം ദ്വന്തവിചാരങ്ങളിലേക്ക് (ബൈനറികളിലേക്ക്) ചുരുങ്ങി പോവാറുണ്ട്. എന്നാല്‍, രണ്ടിന്റെയും നിലനിൽപ്പ് പരസ്പരക്രമീകരണങ്ങളിലൂടെ (trade-offs) മാത്രമേ സാധ്യമാവുകയുള്ളു എന്നതാണ് വാസ്തവം. അത് ബോധ്യമാവുന്നിടത്താണ് നമ്മൾക്ക് കാടുമായുള്ള ഇഴയടുപ്പം നമ്മൾ തിരിച്ചറിയുന്നതും.
Kommentare